Thursday, March 21, 2024

പിങ്ക് നിറമുള്ള ചെമ്പക പൂക്കൾ

"അച്ഛാ ഞങ്ങളുടെ റൂം പിങ്ക് കളർ മതി". മൂത്ത മോളുടെ ആവശ്യം ആണ്. ഈ അടുത്ത് ആണ് ഞാൻ വീട് വാങ്ങിയത്. രണ്ടു പെൺകുട്ടികൾ ആണ് എനിക്ക്. " പെൺകുട്ടികൾ അല്ലേ, പിങ്ക് നിറം നന്നായിരിക്കും" ആര്യ ക്കും അതെ അഭിപ്രായം ആണ്. ആലോചിച്ചപ്പോൾ ശെരിയാണ് എനിക്കും ഇഷ്ട്ടപെട്ട നിറം ആണെല്ലോ പിങ്ക്.
കാലം കുറച്ചു പിന്നിലേക്ക് സഞ്ചരിച്ചാൽ ഏകദേശം പത്തു പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ്, ഞാൻ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന സമയം, ഞാൻ നാട്ടിൽ ഉളളപ്പോ ആണ് എനിക്ക് പിങ്ക് നിറത്തിൽ ഉള്ള ചെമ്പകം വേണമെന്ന ആഗ്രഹം മമ്മിയോടു ഞാൻ പറയുന്നത്. മഞ്ഞ നിറത്തിൽ ഉള്ള ചെമ്പകം അക്കയുടെ വീട്ടിൽ ഉണ്ട് അത് വീടിൻ്റെ വശത്തായി വളർന്ന് പൂത്ത് നിൽക്കുന്നത് കാണാൻ തന്നെ നല്ല ചന്തം ആണ്. അത് കണ്ടിട്ട് ആണ് ഇപ്പൊ ആഗ്രഹം ഉണ്ടായത്. അത്ര വലുതാവേണ്ട, ചെറിയത് മതി ചെമ്പകം പൂക്കണം അതിൻ്റെ പൂവുകൾ താഴെ ഒക്കെ വീണു കിടക്കണം, അതെനിക്ക് ഇഷ്ടമാണ്. ഞാൻ അതൊക്കെ മനസ്സിൽ കാണും.
പക്ഷേ എനിക്ക് പിങ്ക് നിറം തന്നെ വേണം മഞ്ഞ നിറത്തിൽ ഞാൻ തൃപ്തനല്ല .'ചുവന്ന നിറത്തിൽ ഒരെണ്ണം അമ്പലത്തിൽ കണ്ടിട്ടുണ്ട് ' മമ്മി പറഞ്ഞു.
വേണ്ട എൻ്റെ ആവശ്യം പിങ്ക് നിറത്തിൽ ഉള്ളതാണ്, ഞാൻ എൻ്റെ ആവശ്യത്തിൽ ഉറച്ചു നിന്നു. മമ്മി വീണ്ടും ചിന്താമഗ്ന ആയി. ' ഞാൻ ഒരെണ്ണം കണ്ടിട്ടുണ്ട് ജാനുവേച്ചിടെ അടുത്ത്... അത് പിങ്ക് ആണെന്ന് തോനുന്നു ഞാൻ ചോദിക്കാം. മമ്മിയുടെ നാട്ടിൽ ഉള്ള ചുരുക്കം സുഹൃത്തുക്കളിൽ ഒരാൾ ആണ് ജാനുവേച്ചി.' മമ്മി പൊയ്ക്കോളൂ, ഞാൻ പുറകെ വരാം, ഒന്ന് ചോദിച്ചു നോക്കൂ'
മമ്മി പോയി, കുറച്ചു കഴിഞ്ഞു ഞാനും ഇറങ്ങി. ചെല്ലുമ്പോൾ രണ്ടു പേരും വീടിൻ്റെ വാതിലിൽ പടിയിൽ ഇരിക്കുകയാണ് കയ്യിൽ ഒരു ചെറിയ ചെടി ഉണ്ട്. ഇത് പിങ്ക് ചെമ്പകം ആണ് ജാനുവേച്ചി പറഞ്ഞു. ഞാൻ ചുറ്റിലും നോക്കി അവിടെ ചെമ്പകം ഒന്നും ഇല്ല, മുൻപുണ്ടായിരുന്നു ഒരെണ്ണം, പക്ഷേ അത് പോയി. അതിൻ്റെ തൈ ആകണം ഇത്.
ഞാൻ പിങ്ക് ചെമ്പകവുമായി വീട്ടിലെത്തി, മുറ്റത്ത് മണ്ണോക്കെ ഇട്ടു ചെമ്പകം നട്ട് പിടിപ്പിച്ചു. പിന്നീട് കുറച്ചു ദിവസ്സങ്ങൾ കഴിഞ്ഞപ്പോ ഞാൻ ബാംഗ്ലൂർക്ക് പോകുകയും ചെയ്തു. വിളിക്കുമ്പോ ഇടക്ക് ചെമ്പകതിനെ പറ്റി ഞാൻ മമ്മിയോടു അന്വേഷിക്കും. 'വെള്ളം ഒക്കെ ഒഴിക്കുന്നുണ്ടെടാ' മമ്മി പറഞ്ഞു. അടുത്ത പ്രാവശ്യം വന്നപ്പോൾ ഉണങ്ങി നിൽക്കുന്ന ചെമ്പകത്തിനെ ആണ് ഞാൻ കണ്ടത്. 'ഇവിടെ ചെടി ഒന്നും കിളിക്കില്ല, ഞാൻ ഇവിടെ എത്ര റോസ യുടെ കമ്പ് വെച്ചിരിക്കുന്നു, ഒന്നും പിടിച്ചിട്ടില്ല'. മമ്മി യുടെ വിഷമം മമ്മി പറയുന്നു. ചെമ്പകം പോയത് എനിക്ക് വിഷമം ആയി. പിന്നെ അതിൻ്റെ പുറകിൽ പോകാൻ സമയം ഇല്ലാത്തതിനാൽ ഞാൻ തിരക്കി പോയില്ല. അവധി കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചു ബാംഗ്ലൂരിലേക്ക് പോയി. പിന്നീട് അവിടെ നിന്നും കാനഡക്കും. ഇവിടെ വന്നതിനു ശേഷം മമ്മിയും എന്നെ വിട്ട് പോയി. എൻ്റെ ജീവിതത്തിലെ ഏറ്റവും വല്യ നഷ്ടം. മമ്മി മരിച്ചിട്ടെനിക്ക് നാട്ടിൽ പോകാൻ കഴിഞില്ല, ഒരു വർഷം കഴിഞ്ഞാണ് പോയത്.ഞാൻ ചെല്ലുമ്പോൾ മമ്മിയെ ദഹിപ്പിച്ചിടത് തെങ്ങു വെച്ചിരിക്കുന്നു, ഒരു പിങ്ക് ചെമ്പകം വെച്ചാൽ നല്ലതാവും അന്നെനിക്ക് തോന്നി. അതിൻ്റെ പൂവുകൾ അവിടെയെല്ലാം വീണു കിടക്കും മമ്മിയെ ഏറ്റവുമധികം സ്നേഹിച്ച എനിക്ക് അത് ചെയ്യാൻ കഴിഞില്ല.അല്ലെങ്കിലും പിങ്ക് ചെമ്പകത്തിനെ ഇഷ്ടപ്പെട്ടത് ഞാൻ അല്ലേ.
ഞാൻ തിരിച്ചു വന്നു.നാടും പിങ്ക് ചെമ്പകവും മനസ്സിൽ നിന്നും മായുന്നില്ല..എനിക്ക് പോകാൻ ഒരുപാട് വഴികൾ ഉണ്ട്, ആ വഴികളുടെ അവസാനം എനിക്ക് ഒറ്റക്ക് പോകേണ്ട  വഴി എത്തും അന്ന് ഞാനും മമ്മി യുടെ അടുത്ത് എത്തും. അന്ന് അവിടെ ഒരു ചെമ്പക മരം ഉണ്ടാകും, അതിൽ നിന്നും വീഴുന്ന പിങ്ക് ചെമ്പക പൂക്കളാൽ മണ്ണിന് പിങ്ക് നിറം ആകും.
അവിടെ പിങ്ക് ചെമ്പകവും അതിൻ്റെ പൂക്കളും ഏറ്റവും ഇഷ്ട്ടപെട്ട രണ്ടു പേരും തനിച്ചാകും... അവരുടെ ഓർമകളും...


ധർമൻ

No comments:

Post a Comment

മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...

ഞാൻ കാനഡ യില് വന്നിട്ട് ഒരു വർഷം ആയിക്കാണും, സ്‌കാർബ്രോ യില് നിന്നും ലണ്ടനിലേക്ക് മാറിയിട്ട് അധികം ആയിട്ടില്ല. ഇവിടെ മലയാളം ചാനൽ കാണുവാനായി ...